Wednesday 6 March 2013

നീ കരയാതിരിക്കുക - മുരുകന്‍ കാട്ടാക്കട


ഹിമഗിരിയുടെ ഉത്തുംഗത്തില്‍

മഞ്ഞിന്റെ പൂമെത്തയില്‍
ഇപ്പോഴും നീ മയങ്ങുന്നുവോ
ഹേ ശരവണന്‍
ഹിമഗിരിയുടെ ഉത്തുംഗത്തില്‍
മഞ്ഞിന്റെ പൂമെത്തയില്‍
ഇപ്പോഴും നീ മയങ്ങുന്നുവോ
ഹേ ശരവണന്‍

നിന്റെ വസ്ത്രങ്ങളേറ്റു വാങ്ങുമ്പോള്‍
അവള്‍ കരയുകയായിരുന്നു
അപ്പോള്‍ ഇളം കാറ്റവളോടു ചൊല്ലി
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

അവന്റെ ചുണ്ടില്‍ പുഞ്ചിരിയുണ്ട്
രാത്രിയില്‍ കൊടുമുടികള്‍
അവനുമേല്‍ തണല്‍ വിരിയ്ക്കുമ്പോള്‍
അവനൊപ്പം ശയിയ്ക്കുന്ന
അവനെയ്ത വൈരികളോട്
നിന്നെ കുറിച്ചവന്‍ പറയാറുണ്ട്
ഉത്തരായനം കാത്ത്
അവന്റെ മുത്തച്ഛന്‍
ധീരന്റെ പൂമെത്തയില്‍ മയങ്ങിയതും
വെടിയേല്‍ക്കേ തംബുരു
റാം.. റാം.. എന്നു മുഴങ്ങിയതും
അവനോര്‍ക്കുന്നുണ്ട്
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

കാറ്റിനോടവള്‍ ചോദിച്ചു
അവന് തണുയ്ക്കില്ലേ
പുതയ്ക്കാതുറങ്ങില്ലവന്‍
വിശന്നാല്‍ വികൃതി കുറയ്ക്കാറില്ലവന്‍
അവന് വിശയ്ക്കില്ലേ
അപ്പോള്‍ കാറ്റ് പറഞ്ഞു
അവനുറങ്ങാന്‍,
തണുക്കാന്‍
വിശന്നിടാന്‍
സമയം അല്പവും ബാക്കിയില്ലെന്ന്
നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു

ദൂരെ കുറുനരികളോരിയിടുന്ന
വിജന സന്ധ്യകളില്‍
അവന്റെ മുഖം ചുവക്കുന്നു
ഇനിയുമൊരുന്നാളവന്‍
വന്നുവെന്നാലോ
കൊത്തി വിരിയിച്ച കുഞ്ഞുങ്ങള്‍ക്കും
അടയിരിയ്ക്കുന്ന അമ്മക്കുരുവികള്‍ക്കും കൂട്ടായി
അവിടെ ആ മഞ്ഞില്‍
കാതു കൂര്‍പ്പിച്ചിടാനാണ്
അവനിഷ്ടമെന്ന് നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു..

എങ്കിലും അവനിപ്പോഴും
വയല്‍ക്കിളികളെ ഇഷ്ടമാണെന്നും
ഇലഞ്ഞിപ്പൂക്കളോട് സ്നേഹമാണെന്നും
നിന്നോട് പറയാന്‍
ഞാന്‍ വാക്കേറ്റിരുന്നു
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക
നീ കരയാതിരിയ്ക്കുക

നക്ഷ്രങ്ങള്‍ക്കിടയില്‍
നീ അവനെ തിരയാതിരിയ്ക്കുക
സമുദ്ര ഗര്‍ജ്ജനങ്ങളില്‍
ശൈല ഗഹന ഗംഭീരതകളില്‍
വശ്യകാനന ഹരിത ശോഭയില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പു നീരില്‍
നീ അവനെ തിരയുക
നീ അവനെ തിരയുക
നീ അവനെ തിരയുക

No comments:

Post a Comment